ഇനി അൽപ സ്വല്പം എങ്കിലും വിട്ടു കൊടുക്കാം
1 min read
ഏറ്റവും കുറച്ചു വസ്തുക്കളെ കൊണ്ട് തൃപ്തിപ്പെടുന്നവർ ഈശ്വരന്റെ മുമ്പിൽ സമ്പന്നർ ആണ് . മറ്റുള്ളവർക്ക് അവർ പിച്ചക്കാരനായും അനുഭവപ്പെടുന്നു.
2020-ആഹാ എത്രയോ മനോഹരമായ വർഷം. മറ്റുള്ളവർക്കെല്ലാം 2020 ഒരുശാപ വർഷം തന്നെ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയ ഒരു വർഷം കൂടി ആണ് 2020. എന്നാൽ ശരിയായ ഒരു വിശകലനം നടത്തിയാൽ 2020 എന്തു പിഴച്ചു: ആ വിശകലനം ഇങ്ങനെ ആയിരിക്കണം.എന്താണ് നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസം. ഇത്രയേയുള്ളൂ നല്ല അനുഭവങ്ങൾ നമുക്ക് സന്തോഷം നൽകും, എന്നാൽ മോശം അനുഭവങ്ങൾ നമുക്ക് ജീവിതാനുഭവങ്ങൾ നൽകും. ശരിക്കും പറഞ്ഞാൽ മോശം അനുഭവങ്ങൾ അല്ലേ നമ്മുടെ ജീവിതം തിട്ടപ്പെടുത്തുന്നതിനും, ജീവിതത്തിന് അനുഭവപാഠങ്ങളും, പക്വതയും നൽകുന്നതിന് നമ്മളെ സഹായിക്കുന്നത്. ശരിയല്ലേ? നമുക്ക് ഒത്തിരി ഒത്തിരി അനുഭവപാഠങ്ങൾ നൽകി. ഇങ്ങനെ ഒന്നും ജീവിച്ചാൽ പോരാ എന്നുള്ള ഒരു അനുഭവപാഠം. നമ്മളൊക്കെ ഹൈസ്പീഡിൽ ഓടിയാലും അതിനൊരു break ഇടാൻ ഇത്തിരിപോന്ന ഒരു കുഞ്ഞു വൈറസ് മതിയാകും എന്ന് ചിലർക്കെങ്കിലും മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞല്ലോ?. ലോകത്തിൽ അതീവ വ്യത്യസ്തമായ സംസ്കാരങ്ങളും, സ്വഭാവസവിശേഷതകളും വച്ചുപുലർത്തുന്ന ഒരു കൂട്ടം സമൂഹങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഒരു മനുഷ്യ സമൂഹമാണ് മലയാളികൾ. താൻ ഏതോ ഒരു വലിയ ആനയാണെന്നൊക്കെ ചമച്ചിൽ മാത്രമേ ഉള്ളൂ. ആത്മഹത്യ ചെയ്തു കളയാൻ ഈ മലയാളിയെ കഴിഞ്ഞേ ഈ ഭൂമിയിൽ വേറെ ആളുള്ളൂ. ഈ കൊറോണ കാലത്ത് അതേല്‌പ്പിച്ച ആഘാതം താങ്ങാനാവാതെ ഈ ലോകം വിട്ടുപിരിഞ്ഞ ആളുകളുടെ എണ്ണം, കുട്ടികളുടെ എണ്ണം, കുടുംബങ്ങളുടെ എണ്ണമൊക്കെ അറിയുമ്പോഴേ, നമ്മൾ ജീവിച്ച് തീർക്കുന്നത് ഒരു ശരിയായ ദിശയിലാണോ എന്ന് ചിന്തിച്ചു പോകുന്നത്. ഒരല്പം കരുതൽ, ഒരല്പം സ്നേഹം, ഒരല്പം കരുണ നൽകിയിരുന്നെങ്കിൽ അവരും ജീവിച്ചു പോകുമായിരുന്നില്ലേ?. ഒരു നീർക്കുമിള അല്ലേ ഓരോ മലയാളിയുടെയും ജീവിതം. ഒരു നേരിയ തടസ്സം, ഒരു ചെറിയ പ്രയാസം നേരിട്ടാൽ ഉടനെ ജീവിതം അവസാനിപ്പിക്കുന്ന മലയാളി എന്തിനെയാണ് സൂചിപ്പിക്കുന്നത്. മലയാളിയുടെ ജീവിതം ഒരു ജീവിതമേ അല്ല . കുറെയേറെ തിരുത്തലുകൾക്ക് വിധേയമാകേണ്ടിയിരിക്കുന്നൂ ഓരോ മലയാളിയും.
ഈ കൊറൊണ ഒന്നുമല്ല. ഇനി എത്രയോ കൊറോണകൾ വന്നു പോകേണ്ടിയിരിക്കുന്നു. അപ്പോഴേക്കും പേടിച്ച് വിഷമിച്ചു ഒരുമുഴം കയറിൽ, വിഷക്കുപ്പിയിൽ തീർക്കാനാണോ ഈ പ്രായം വരെ ജീവിച്ചത്.
പത്രാസ് ,ഡംബ്, ജാഡ, ഞാനെന്ന ഭാവം ഇതെല്ലാം ചേരുന്ന ഒരേയൊരു മനുഷ്യ സമൂഹം ഈ ഭൂമിയിൽ മലയാളി മാത്രമേ കാണൂ എന്ന് പറയുന്നതിലും ഭേദം മലയാളി മാത്രമേ ഉള്ളൂ എന്നായിരിക്കും ഏറ്റവും യോജിക്കുന്നത്. ശ്രേഷ്ഠ മാനങ്ങൾ ഏറെ ഉയർത്തിപ്പിടിച്ച് നടന്ന മലയാളിക്ക് 2020 എന്ന കൊറോണ കാലം ഒരു ദുരിതം സമ്മാനിച്ചെങ്കിൽ തീരെ അത്ഭുതപ്പെടാനില്ല. മനുഷ്യർ തമ്മിലുള്ള ബന്ധം മലയാളി തീരെ ആഗ്രഹിച്ചിരുന്നില്ല. ബന്ധപ്പെട്ടാൽ താൻ തീരെ കൊച്ചായി പോയാലോ, തൻറെ രഹസ്യങ്ങൾ മറ്റുള്ളവർ അറിഞ്ഞെങ്കിലോ?.
ഇനി വേറെ ഒരു രഹസ്യമുണ്ട് തൻറെ അയൽപക്കത്തുള്ള ഒരാൾക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതിനെ നിസ്സാര വൽക്കരിച്ച് കാണാൻ ആണ് ഒട്ടുമിക്കവർക്കും താല്പര്യം.ആ പ്രശ്നം അനുഭവിക്കുന്നവനെ ഒരു പൊട്ടൻ ആയി കണ്ട് ആ കാര്യം അത് കേട്ടയാൾക്ക് ഒരു പത്ത് പേരോട് പറഞ്ഞെങ്കിലേ സമാധാനപ്പെട്ട് ഉറങ്ങാൻ കഴിയുകയുള്ളു.അത് നാടുമുഴുവൻ പാട്ടായെങ്കിലോ… താൻ ഇത്രയ്ക്ക് തീരെ ചെറിയവൻ ആയിരുണെന്ന് മറ്റുള്ളവർ അറിയുന്നതിലും ഭേദം മരണമാണെന്ന് ഓരോ മലയാളിയും വിചാരിക്കുന്നടത്തോളം കാലം ഒരു മലയാളിയും രക്ഷപ്പെടാൻ പോകുന്നില്ല.മദ്യപിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ മലയാളികൾ ആയി പോയവരുടെ കാര്യം ഏറെ അഭിമാനത്തോടെ കൊട്ടിഘോഷിക്കുന്നവർ ഉണ്ട്. എന്നാൽ അത് ഏറ്റവും അപമാനമാണെന്ന് ഈ കൂട്ടർ എന്ന് തിരിച്ചറിയുമോ ആവോ?.മലയാളി എന്തുകൊണ്ട് മദ്യപാനത്തിന്റെയും ആത്മഹത്യയുടെയും എണ്ണത്തിൽ മാത്രം ഈ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. അതിൻറെ അതേ ഉത്തരം തന്നെയാണ് 2020 മലയാളിക്ക് ഏറ്റവും വെറുപ്പുളവാക്കുന്ന ഒരു വർഷമായി നിലനിൽക്കുന്നത്. വന്നവഴി മനപ്പൂർവ്വം മറക്കാൻ മലയാളികൾ ആഗ്രഹിക്കുന്നു.1975 കാലംവരെ കടുത്ത ദാരിദ്ര്യം കൊണ്ട് വലഞ്ഞ് പച്ചക്കപ്പ പുഴുങ്ങി മൂന്നുനേരം കഴിച്ചവരാണ് കേരളത്തിലെ ഒരു ആവറേജ് കുടുംബം.അതൊക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ മലയാളി?. ഇന്നിപ്പോൾ കൃഷി എന്ന് കേട്ടാൽ എന്തോ വൃത്തികെട്ട പരിപാടി ആണെന്നാണ് മലയാളിയുടെ ചിന്ത. അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും എന്നു പറയാറുണ്ട്. ഇത് അറിയാത്ത പുള്ളകൾ അല്ല. അറിയില്ലെന്ന് നടിക്കുകയാണ്.അഥവാ താൻ കൃഷി ചെയ്തു ജീവിക്കുന്നു എന്ന് കേട്ടാൽ കുറച്ചിൽ ആയാലോ?.അങ്ങനെ അറിയില്ലെന്ന് നടിക്കുന്നവരെ അതൊക്കെ ഒന്ന് അറിയിക്കാനുള്ള ഈ 2020 എല്ലാവർക്കും ഒരു അനുഭവ പാഠമാണ്. ഇങ്ങനെ ഒന്നുമല്ലായിരുന്നു ജീവിക്കേണ്ടിയിരുന്നതെന്ന് ഒന്നറിയിച്ചു കൊടുക്കാനുള്ള ഒരു വരവ്. തീരെ വൈകിയിട്ടില്ല ഒരൽപം സമയം ബാക്കി ഉണ്ട് ഒരു തിരിച്ചറിവിന്…….
ഹേ മലയാളി….. നിൻറെ അഹന്ത വെടിഞ്ഞ് ഒരു പച്ച മനുഷ്യനായി ജീവിക്കാൻ ശീലിക്കുക. നീ അറിയാതെ പോയ കുറെ പാഠങ്ങൾ ഉണ്ട് അഥവാ അറിഞ്ഞാലും അതൊക്കെ നിനക്ക് ഒരു കുറച്ചിലായി മാറിയേക്കാവുന്ന കുറെ പാഠങ്ങൾ.മനുഷ്യനായ നീ ഒന്നുമല്ല. എല്ലാ ജീവികൾക്കും പ്രാണികൾക്കും കൂടി ഉള്ളതാണ് ഈ ഭൂമി. നീ വെറും വാടകക്കാരൻ മാത്രം. പ്രകൃതി ആവശ്യപ്പെടുമ്പോൾ നീ കൈയടക്കിയ എല്ലാം മടക്കി കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. പിറന്നപടിയേ……
നീ ഒന്നും കൊണ്ടുപോകുന്നില്ല. കുറേ ഏറെ വിട്ടുകൊടുക്കുക . നീ എത്ര കൈയ്യടക്കിയാലും നീ ഇപ്പോൾ ഭയപ്പെടുന്ന ആ കുഞ്ഞൻ വൈറസിനെ പോലെ എണ്ണമറ്റവ ഉണ്ട് പ്രകൃതിയുടെ കയ്യിൽ…. അതുകൊണ്ട് അസൂയയും, അഹങ്കാരവും, വലിയവൻ എന്ന ഭാവവും കൈവെടിയുക. വരുമ്പോൾ കരഞ്ഞുകൊണ്ട് വരുന്നു . തിരികെ പോകുമ്പോൾ എല്ലാവരെയും കരയിച്ചു കൊണ്ട് പോകാൻ നീ പ്രാപ്തി ആവുക. അല്ലാതെ നീ ചത്തത് നന്നായി എന്ന് ആരെക്കൊണ്ടും പറയാതെ ഇരിക്കുക. അതിന് നീ ഒത്തിരി മാറേണ്ടിയിരിക്കുന്നു മലയാളി……
ഇന്നിപ്പോൾ നീ വെറുക്കുന്നവരുടെയും, സ്നേഹിക്കുന്നവരുടെയും List എടുക്കുക. ഒരു ദിവസം ചെയ്യുന്ന നല്ല കാര്യങ്ങളുടെയും തിന്മകളുടെയും List എടുക്കുക. നല്ല ചിന്തകളുടെയും മോശം ചിന്തകളുടെയും ലിസ്റ്റ് എടുക്കുക. ഈ ലിസ്റ്റുകളിലെല്ലാം മോശം എന്ന കാര്യം കയറി ഇരിക്കും. കൂടുതൽ ആയിരിക്കുന്നു. ഒരു ശാസ്ത്രം അറിയുമോ ?. നന്മയും തിന്മയും ബൂമാറാത്ത് പോലെയാണ് .നന്മ ചെയ്താൽ നന്മ ലഭിക്കും. തിന്മ ചിന്തിച്ചാൽ മതി ജീവിതത്തിൽ വന്നുഭവിക്കുന്നതെല്ലാം തിന്മ മാത്രമാവും. നന്മ ചെയ്യാൻ ഒരു വലിയ ഈശ്വരവിശ്വാസി ആകണമെന്നൊന്നുമില്ല. ആർക്കും ചെയ്യാം . നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു tap ലെ വെള്ളം അടക്കുന്നതുപോലെ പോലും നന്മയാണ്. പക്ഷികൾക്ക് കുടിക്കാൻ വെള്ളം കൊടുക്കുന്നതും നന്മ ആണ്. മദ്യപിക്കുന്നവർ ഒന്നിലും തൃപ്തി ഇല്ലാത്തവരാണ്. കുറെ ഏറെ Complex കൾ അവരെ നയിക്കുന്നു. ഡംബ് കാണിക്കുന്ന ഈ ലോകത്ത് താൻ തീരെ ചെറിയവൻ ആയിപ്പോയതിലെ ദുര .ഇന്നിപ്പോൾ ഒരു ആവറേജ് മലയാളിയുടെ വിചാരം എങ്ങനെ ഡംബ് കാണിക്കാം. താൻ ഒന്നിനും പുറകിലല്ല വലിയ കാർ, ബംഗ്ലാവ്…. എന്നാൽ ഒരു ചെറിയ ഇടിച്ചിൽ വന്നാൽ മദ്യത്തിന്റെ അഭയം തേടുക ,എന്നിട്ടും ശരിയായില്ലെങ്കിൽ ആത്മഹത്യ.
ആർക്കുവേണ്ടി,എന്തിനുവേണ്ടി, എന്ത് നേടുന്നു. തന്റെ പിന്തുടർച്ച അവകാശികൾക്ക് തെറ്റായ ജീവിത സന്ദേശം നൽകി കൊണ്ടുള്ള വളരെ ദയനീയമായ ഒരു വിടവാങ്ങൽ…… മറ്റുള്ളവരെക്കാൾ എല്ലാം യോഗ്യൻ നീ മാത്രം ആണെന്ന ചിന്തയാണ് എല്ലാ നാശത്തിന്റെയും തുടക്കം. ഡംബ് പത്രാസ് എന്നിവയെല്ലാം ആ ചിന്ത മൂലം നീ ഉണ്ടാക്കി എടുക്കുന്നതാണ്. സത്യത്തിൽ നിന്നെക്കാൾ യോഗ്യത മറ്റുള്ളവർക്കാണ് ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ളത്, കാരണം നിൻറെ ചിന്ത കാരണം . നീ അഹങ്കാരിയാണ് .എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കും, സൗകര്യങ്ങൾക്കും പ്രാധാന്യം കൊടുത്തു നോക്കൂ . പുരാണങ്ങളും മതഗ്രന്ഥങ്ങളിലും വിവരിക്കുന്ന സ്വർഗ്ഗം അതായിരിക്കും. പക്ഷേ ദൗർഭാഗ്യവശാൽ നീ അത് ചിന്തിക്കില്ല. എൻറെ ജീവിതം, എൻറെ സുഖം അത് മാത്രമായി. ഈ ലോകം കേവലം നരകമായി തോന്നുന്നതിന്റെ ആ ഒരു കാരണം നിൻറെ സ്വാർത്ഥ ചിന്തയാണ്. ജീവിതത്തിൽ എല്ലായ്പ്പോഴും മറ്റുള്ളവർക്ക് പ്രാധാന്യം കൊടുത്തു നോക്കൂ.നിന്റെ ജീവിതം ഉയരുന്നത് കാണാം. അതുപോലെ ഓരോരുത്തരും ചിന്തിച്ചാൽ ഇവിടെ ആർക്കും മദ്യപിക്കേണ്ടി വരില്ല. ആത്മഹത്യയും ചെയ്യേണ്ടി വരില്ല. ഉറപ്പ്….. അങ്ങനെ പരസ്പര സൗഹാർദത്തോടെ മുന്നോട്ടു പോയിരുന്നെങ്കിൽ ഈ കൊറോണ കാലം നാം ഒറ്റക്കെട്ടായി നേരിടുമായിരുന്നു. എന്നാൽ അതല്ല നടന്നത് ഓരോരുത്തർക്കും കൊറോണയോട് ഒറ്റയ്ക്ക് പോരാടേണ്ടി
വന്നു. കാരണം നാം ഒറ്റയ്ക്കാണ് ജീവിച്ചത് അത് പരസ്പര സൗഹാർദ്ദം എന്ന ഒരു ലോകം നമുക്ക് അന്യമായിരുന്നു. ഞാനെന്ന ഭാവം , ഈ കൊച്ചു ലോകത്ത് എത്രയോ തരം ഗ്രൂപ്പുകൾ. ആ ഗ്രൂപ്പുകളിലോക്കെ വീണ്ടും തരംതിരിവുകൾ , അവർ പകരക്കാരനിൽ നിന്നും വേർതിരിക്കപ്പെടുന്ന ചുറ്റുമതിലുകൾ, വീടിനകത്തും അനേകം ചുമരുകൾ,ഭിത്തികൾ അതിനകത്തൊക്കെ ഞാൻ എന്ന വ്യക്തി ഒതുങ്ങിക്കൂടുന്നു. ആ ഞാനെന്ന ഭാവം കൊണ്ട് തന്നെ സാമൂഹ്യ ജീവിയായ മനുഷ്യൻ തികച്ചും ഏകനായി. അതുകൊണ്ട് തന്നെ കൊറോണയുടെ ആക്രമണത്തിൽ നീ പകച്ചു. നിനക്ക് അടിപതറി, നീ പകച്ചു . ഒരു സഹായാഭ്യർത്ഥന നടത്താൻ നീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയാൻ നീ വിമുഖമായി. നിനക്ക് താങ്ങാനാവാതെ നീ ഒറ്റപ്പെട്ടു . നീ മദ്യപിച്ചു, ആത്മഹത്യ ചെയ്തു . ഓർക്കുക എവിടെയാണ് തെറ്റിയത്. ഇനിയും രക്ഷപ്പെടാൻ കഴിയില്ലേ,? ഇങ്ങനെയെല്ലാമാണോ ജീവിക്കേണ്ടി ഇരുന്നത് . നീന്നെക്കൊണ്ട് ആരെങ്കിലും കഷ്ടതകൾ അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തിരുത്തലുകൾ ആരംഭിക്കുക. ഇന്ന് തന്നെ ഈ നിമിഷം തന്നെ….കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുക . ഒരു ചിരിയിൽ നിന്ന് ആരംഭിക്കുക. മുഖപരിചയമുള്ളവരെ കാണുമ്പോൾ ഒരു ചിരി സമ്മാനിക്കുക. തുടക്കത്തിൽ ഇതൊക്കെ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ശ്രമം തുടരുക. കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ സൗഹൃദവലയം വികസിക്കും. പള്ളിയിലും അമ്പലത്തിലും ഒക്കെ പോകുന്നവരുണ്ടെങ്കിൽ അവിടെ വരുന്നവരെ കണ്ട് വെറുതെ ചിരിക്കാൻ ശ്രമിക്കുക. മലയാളിക്ക് അന്യമായി പോയ ആ ഒരു നന്മ നിങ്ങളിലൂടെ തുടങ്ങട്ടെ. എവിടെയും നന്മ വിരിയട്ടെ. കേരളം ഒരു കൊച്ചു ഗ്രാമമായി മാറട്ടെ .നിങ്ങൾ എവിടെയും അറിയുന്നവനാകട്ടെ. ചിരി ഒരു വരദാനമാണ്. മുറവിളി കൂട്ടുന്നവന് അതൊരു നന്മയും. ഇന്ന് കേരളം മുറവിളി കൂട്ടുന്നവരുടെ ഒരു കൂട്ടമാണ്.ആരെങ്കിലും എന്നെ ഒന്ന് ശ്രദ്ധിക്കൂ ,എന്നെയൊന്ന് ഗൗനിക്കു ,എന്നെയൊന്ന് പരിഗണിക്കൂ, എന്നെയൊന്ന് ആശ്വസിപ്പിക്കൂ ഇതാവട്ടെ കൊറോണ 2020 തരുന്ന പാഠം