Study Hinduism

Hindu Religious Advisory Community

ഈശ്വരന്‍ ഉണ്ടോ

1 min read
is-there-a-real-god-out-there
Spread the love

അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ്‌ നാം ലോകത്തിനെ അറിയുന്നത്‍. ഈ ജ്ഞാനേന്ദ്രിയങ്ങള്‍ വൈകല്യമുള്ളതാണ്‌. വൈകല്യമുള്ളതാണെന്ന്‍ പറയാന്‍ കാരണം, ജ്ഞാനേന്ദ്രിയങ്ങളിളുടെ ശേഖരിക്കുന്ന വാര്‍ത്തകള്‍, വിവരങ്ങള്‍ ഒന്നും പൂര്‍ണ്ണമായിരിക്കില്ല, സത്യവുമായിരിക്കില്ല, ആയിക്കൊള്ളണമെന്നില്ല. ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടുവരുന്ന വാര്‍ത്തകളെ മനസ്സ്‍ സ്വീകരിച്ച്‍ ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും സഹായത്തോടെ വിവേചിച്ച്‍ പ്രിയാപ്രിയത്തിനധീനമായി തീരുമാനങ്ങള്‍ എടുക്കുന്നു. ഈശ്വരന്‍ ഉണ്ടോ എന്ന സംശയവും ഇതുപോലെത്തന്നെയാണ്.ഈശ്വരന്‍ ഉണ്ടോ എന്ന്‍ സംശയം ഉന്നയിക്കുന്നവര്‍ മിക്കവരും , ഈശ്വരന്‍ ഇല്ലാ എന്ന ഒരു ഉത്തരമാണ്‌ പ്രതീക്ഷിയ്ക്കുന്നത്‍. കാരണം അവരുടെ കാഴ്ചപ്പാടില്‍, ചോദിക്കുന്നവന്റെ ആകാരത്തില്‍, രൂപത്തില്‍, എന്തോ ഒരു സത്ത്വം ഉണ്ടായിരിക്കണമെന്നാണ്‌ അവന്റെ ബോധത്തില്‍, അവന്റെ സങ്കല്പത്തില്‍ കിടക്കുന്നത്‍. അത്തരത്തില്‍ ഒന്നിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലാത്തതുകൊണ്ട്, എവിടെയും അത്തരത്തില്‍ ഒന്നിനെ പ്രതിപാദിച്ചു കണ്ടിട്ടില്ലാത്തതുകൊണ്ട്‍, അങ്ങിനെ ഒന്ന്‍ ഇല്ലാ എന്ന്‍ മസ്തിഷ്കത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‍ ഈശ്വരന്‍ ഇല്ലാ എന്ന്‍ കേള്‍ക്കാനാണ്‌ അത്തരക്കാര്‍ക്ക്‍ ഇഷ്ടവും.

ഇന്ദ്രിയങ്ങളും ബുദ്ധിയും മനസ്സും എല്ലാം ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ഈശ്വരന്‍ ഉണ്ടോ എന്ന ചോദ്യംതന്നെ ഉയര്‍ന്നുവരുന്നത്‍. എന്നാല്‍ ഏതൊരു ബുദ്ധിയിലാണോ ഈ സംശയം ജനിച്ചത്‍, ആ ബുദ്ധി അതുപോലെ പ്രവര്‍ത്തിയ്ക്കാന്‍ കാരണംതന്നെ ഈശ്വരശക്തിയാണ്. ഈശ്വരശക്തി അവിടെ ഇല്ലായിരുന്നെങ്കില്, എന്ത്‍ ബുദ്ധി, എവിടെ ബുദ്ധി, എന്ത്‍ മനസ്സ്‍, എവിടെ മനസ്സ്‍, എന്ത്‍ സംശയം എവിടെ സംശയം. ഞാന്‍ നാമവും രൂപവുമുള്ള ഒരു മനുഷ്യനായതുകൊണ്ട്‍, എന്റെ സങ്കല്‍പ്പത്തിലെ ഈശ്വരനും ഏതാണ്ട്‍ അതുപോലെയൊക്കെത്തന്നെ ആവണം എന്നാണ്‌ എന്റെ വിചാരം. അങ്ങിനെയാണെങ്കില്‍ ഒരു ഈച്ചയുടെ ഈശ്വരന്‍ വലിയൊരു ഈച്ചയായും ഒരു ആനയുടെ ഈശ്വരന്‍ വലിയൊരു ആനയായും ഇരിക്കണ്ടി വരും. അതേപോലെ ഓരോ ജീവജാലങ്ങള്‍ക്കും. ഈശ്വരന്‍ നാമരൂപങ്ങള്‍ ഇല്ലാത്തവനായതുകൊണ്ട്‍ നമുക്ക്‍ കാണാന്‍ സാധ്യമല്ല. കാണപ്പെടുന്ന വസ്തുക്കള്‍ എല്ലാം വ്യവഹാരതലത്തിലാണ്‌. അതിനെ വ്യവഹരിയ്ക്കാനേ കൊള്ളു. നമുക്കൊക്കെ ഈശ്വരനും ഒരു വ്യവഹാരവസ്തുവാണ്, കൊടുക്കല്‍വാങ്ങലുകള്‍ക്ക്‍ ഈശ്വരനെ വിധേയമാക്കുന്നവരാണ്‌ നാമൊക്കെ. എന്നാല്‍ ഈശ്വരനെന്നത്‍ അനുഭവിയ്ക്കേണ്ടതാണ്‌, വ്യവഹരിയ്ക്കേണ്ടതല്ല. ഞാന്‍ എങ്ങിനെ ഈ ലോകത്തെ കാണുന്നു എന്ന്‍ ചോദിച്ചാല്‍ കണ്ണുകൊണ്ട്‍, എന്ന്‍ ഉത്തരം പറയും. എങ്കില്‍ കണ്ണുള്ളവരെല്ലാവരും ലോകത്തെ കാണണ്ടേ, അതില്ലല്ലൊ. കണ്ണിന്റെ മുന്നില്‍ നടന്ന ഒരു കാര്യം ഞാന്‍ കാണാതെ പോകുന്നത്‍ ഏത്‍ ശക്തിയുടെ കാരണത്താലാണ്‌. ഇന്ന്‍ ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ ഉണരും എന്നതിന്‌ എന്താണ്‌ ഉറപ്പ്‍, അടുത്ത നിമിഷത്തില്‍ ഞാന്‍ ജീവനോടെത്തന്നെ ഉണ്ടാവും എന്ന്‍ പറയാന്‍ പറ്റുമോ. ഇല്ല.

ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ഈ സംശയങ്ങള്‍ ഉള്ളു. വേദാന്തശാസ്ത്രത്തില്‍ ഇന്ദ്രിയങ്ങള്‍ക്ക്‍ അനുഭവപ്പെടുന്നതൊന്നും സത്യമല്ല, ഉള്ളതല്ല, ഉണ്മയല്ല, അതെല്ലാം ഇല്ലാത്തതാണ്‌. ഏതൊന്ന്‍ ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുന്നില്ലയോ അതാണ്‌ സത്യമായിട്ടുള്ളത്‍. അത്‍ വ്യവഹരിക്കാന്‍ പറ്റാത്തതും അനുഭവവേദ്യമാകുന്നതുമാണ്‌.

അതുകൊണ്ട്‍ ഈശ്വരനെ കാണാനില്ലല്ലൊ, തൊടാന്‍ പറ്റുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞാല്‍, അതൊക്കെ ബുദ്ധിയുടെയും മനസ്സിന്റെയുമൊക്കെ തലമാണ്‌. ബുദ്ധികൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ഒന്നും അറിയാന്‍ പറ്റാത്തതാണ്‌ ഈശ്വരതത്ത്വം. ബുദ്ധിയും മനസ്സും ശരീരബോധവും എല്ലാം അസ്തമിയ്ക്കുമ്പോള്‍ ഈശ്വരചൈതന്യം അനുഭവവേദ്യമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *