അയ്യപ്പ സ്വാമിയുടെ തിരുസന്നിധി
1 min read
ശബരിമല ക്ഷേത്രം നിർമ്മിച്ചത് കൊല്ലത്ത് …!!! അധികമാരും അറിയാത്തൊരു സംഭവം.
90 വർഷം മുൻപ് മകരജ്യോതി കണ്ടു വണങ്ങാൻ 53 ദിവസത്തെ കഠിന വ്രതം എടുത്ത് കഠിനമായ മല കയറി സന്നിധാനത്തിൽ എത്തുന്നത് ഏറിയാൽ 2000 പേരാണ്. 1079- മാണ്ടത്തെ മകരവിളക്ക് ദിവസം പുല്ലുമേഞ്ഞ ശബരിമല ക്ഷേത്രത്തെ അപ്പാടെ ചാമ്പലാക്കി. അന്ന് തിരുവിതാംകൂർ മഹാരാജാവായ ശ്രീ മൂലം തിരുന്നാൾ മഹാരാജാവായിരുന്നു.അയ്യപ്പഭക്തനായ അദ്ദേഹം 53 ദിവസത്തെ വ്രതമെടുത്ത് സന്നിധാനതെത്തി. അഗ്നിബാധ രാജാവിനെ മാനസികമായി തളർത്തി. രാജവംശത്തിന് നടക്കാൻ പോകുന്ന അത്യാഹിതത്തിന്റെ സൂചനയാണോ എന്നു പോലും അദ്ദേഹം ശങ്കിച്ചു.
തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിച്ചു.അതിന് തയ്യാറുള്ളവരെ ക്ഷണിച്ചു കൊണ്ട് ഗസറ്റിൽ സർക്കാർ പല പ്രാവശ്യം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പക്ഷേ ഘോരവനത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല..
മദിച്ചു നടക്കുന്ന കാട്ടാന പറ്റങ്ങളുടെയും പുലി കുട്ടങ്ങളുടെയും മറ്റു ഹിംസ്ര ജീവികളുടെയും ഇടയിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ക്ഷേത്ര നിർമ്മാണം അത്ര സുഖകരമായ ഒരു സംരംഭമായിരുന്നില്ല.ക്ഷേത്രത്തിനാവശ്യമായ കരിങ്കല്ലും തടിയും ചെമ്പും പിത്തളയും ചുമന്ന് അവിടെ എത്തിക്കാൻ ആർക്കം ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. ഇതാണ് കരാറുകാർ മടിച്ചതിനു കാരണം. ക്ഷേത്രത്തിന്റെ ചുമതലക്കാരനായിരുന്ന കൊല്ലം പേഷ്കാർ രാജരാമരായരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കൊച്ചുമ്മൻ മുതലാളി കരാറെടുത്തത്. തിരുവിതാംകൂർ രാജ്യത്തെ പേരെടുത്ത കരാറുകാരനായിരുന്നു അദ്ദേഹം.
സന്നിധാനത്തുവെച്ച് നിർമ്മാണം നടത്താൻ ജോലിക്കാർ തയ്യാറായില്ല. അതിനാൽ കൊല്ലം പുതുക്കുളങ്ങര കൊട്ടാരവളപ്പിൽ ക്ഷേത്രനിർമ്മാണമാരംഭിച്ചു. 1904-ലായിരുന്നു ഇത്. ക്ഷേത്രത്തിന്റെ പുറം മേൽക്കൂര ചെമ്പും അകവശം പിത്തളയും പൊതിഞ്ഞു നിർമ്മാണം പൂർത്തിയായ ശേഷം മഹാരാജാവ് നേരിട്ടെത്തി ക്ഷേത്രം കണ്ടു സംതൃപ്തനായി. തുടർന്ന് ഒരോ ഭാഗങ്ങളായി അഴിച്ചെടുത്ത് വള്ളത്തിൽ കോട്ടയം കോടിമത കടവിലെത്തിച്ചു. അവിടെ നിന്നു റോഡുമാർഗം മുണ്ടക്കയം പാറത്തോട്ടിലെത്തി. പിന്നീട്, 450 തൊഴിലാളികൾ ചേർന്നു തലച്ചുമടായി ക്ഷേത്രഭാഗങ്ങൾ പമ്പ വഴി സന്നിധാനത്തേക്കു കൊണ്ടുപോയി. കാടുവെട്ടി വഴിയുണ്ടാക്കി നാലുമാസം കൊണ്ടാണ് അവർ സന്നിധാനത്തെത്തിയത്.
ക്ഷേത്രത്തിന്റെ കരിങ്കൽപ്പണികൾ പൂർത്തിയാക്കി മരപ്പണി തുടങ്ങിയ ഘട്ടത്തിൽ കൊച്ചുമ്മൻ മാവേലിക്കരയിലേക്കു മടങ്ങി. വർഷങ്ങളായി അലട്ടിയിരുന്ന പ്രമേഹത്തിന്റെ ശല്യം രൂക്ഷമായതിനാൽ ചികിത്സക്ക് വിധേയനാകേണ്ടിവന്നു. പക്ഷെ രോഗം മൂർച്ഛിച്ചു 1082 (1907) മിഥുനം 10-നു കൊച്ചുമ്മൻ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ ക്ഷേത്രം പണി നിലച്ചു. ഭർത്താവ് ഏറ്റെടുത്ത ചരിത്രനിയോഗം പാതിവഴിയിൽ നിലയ്ക്കരുതെന്ന് തീരുമാനിച്ച ഭാര്യ അക്കാമ്മ, ബന്ധുവായ വടക്കേത്തലയ്ക്കൽ സ്കറിയാ കത്തനാരുടെ സഹായം തേടി. പുതിയകാവ് സെയ്ന്റ് മേരീസ് കത്തീഡ്രൽ വികാരി കൂടിയായിരുന്ന കത്തനാർക്ക് പവർ ഓഫ് അറ്റോർണി നൽകിയാണ് പണികൾ തുടർന്ന് നടത്തിയത്. അന്നത്തെ ചെങ്ങന്നൂർ തഹസിൽദാർ എം.സി. നാരായണപിള്ളയുടെ മേൽനോട്ടത്തിലാണ് അവസാനഘട്ട പണികൾ നടന്നത്.
പോളച്ചിറയ്ക്കൽ കൊച്ചുമ്മൻ മുതലാളിയുടെ അഞ്ചാം തലമുറയിലുള്ള കുടുംബാംഗങ്ങളാണ് ഇപ്പോൾ മാവേലിക്കരയിലുള്ളത്. തഴക്കരയിലായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബവീട്. ശബരിമലയിലെ ക്ഷേത്രനിർമ്മാണം നടത്തിയതിനു പ്രത്യുപകാരമായി സന്നിധാനത്ത് വഞ്ചി വെക്കുവാനുള്ള അവകാശം പോളച്ചിറയ്ക്കൽ കുടുംബത്തിനു ലഭിച്ചിരുന്നു. ആദ്യകാലത്ത് ഇവർ വഞ്ചിപ്പണം വാങ്ങാറുണ്ടായിരുന്നു. പിന്നീട് കൊച്ചുമ്മന്റെ മൂത്തമകൻ വിനയപൂർവം ഈ അവകാശം വേണ്ടെന്ന് വെക്കുകയായിരുന്നു.
ശ്രീ അയ്യപ്പൻ ശബരിമല ശാസ്താവിഗ്രഹത്തിൽ വിലയം കൊണ്ട ശേഷം വളർത്തച്ചനായ പന്തളം രാജാവ് അവിടെയെത്തി നിർമിച്ച ക്ഷേത്രത്തിന്റെ അതേ മാതൃക തന്നെയാണ് ഇന്ന് നിലനിൽക്കുന്നത് .ആദ്യകാലത്ത് ക്ഷേത്രം തടിയിൽ തീർത്തു പുല്ലുമേഞ്ഞതായിരുന്ന എന്ന് മാത്രം..